This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറാല്‍ ഹൈഡ്രേറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറാല്‍ ഹൈഡ്രേറ്റ്

ഒരു ഉറക്കമരുന്ന്. ട്രൈക്ലോറോ അസറ്റാല്‍ഡിഹൈഡ് മോണോഹൈഡ്രേറ്റ് എന്നോ ട്രൈക്ലോറോ എഥിലിഡീന്‍ ഗ്ലൈക്കോള്‍ എന്നോ രാസപരമായി വിളിക്കാവുന്ന ഈ വസ്തുവിന് 'നോക്ക് ഔട്ട് ഡ്രോപ്സ്' (knock out drops) എന്നൊരു പേരുകൂടിയുണ്ട്. ഫോര്‍മുല: C Cl3 CH (OH)2. ക്ലോറാലിനെ (C Cl3 CHO) അതിന്റെ അഞ്ചിലൊന്നു വ്യാപ്തം ജലവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോഴാണ് പരല്‍ ഘടനയുള്ള ഈ ഖരവസ്തു ലഭിക്കുന്നത്. ഇത് ഏറ്റവും ഫലപ്രദവും വിലക്കുറവുള്ളതുമായൊരു ഉറക്കമരുന്നാണ്. ക്ലോറാല്‍ ഹ്രൈഡ്രേറ്റിനെ ആല്‍ക്കഹോളില്‍ ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന 'നോക്ക് ഔട്ട് ഡ്രോപ്സ്' മാരകമായ വിഷമാണ്. ഓസ്കാര്‍ ലീബ്രിച്ച് ആണ് 1869-ല്‍ ആദ്യമായി ക്ലോറാല്‍ ഹൈഡ്രേറ്റിനെ വൈദ്യശാസ്ത്രരംഗത്ത് ഉപയോഗിച്ചുതുടങ്ങിയത്. ശരീരത്തിനുള്ളില്‍ കടക്കുമ്പോള്‍ ഇത് രാസപരിണാമങ്ങള്‍ക്കു വിധേയമായി ക്ലോറോഫോം ആയി മാറുന്നതുകൊണ്ടാണ് ഉറക്കമരുന്നായി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. എന്നാല്‍ ആ ധാരണ തെറ്റാണെന്നും ഇത് സ്വന്തം നിലയ്ക്കുതന്നെ കേന്ദ്രനാഡീവ്യൂഹത്തെ താത്കാലികമായി മന്ദീഭവിപ്പിക്കുമെന്നും പിന്നീട് മനസ്സിലായി. ബാര്‍ബിറ്റുറേറ്റുകളുടെ ശമനൗഷധസ്വഭാവവുമായി ക്ലോറാല്‍ ഹൈഡ്രേറ്റിന്റെ സ്വഭാവത്തെ താരതമ്യപ്പെടുത്താം.

ക്ലോറാല്‍ ഹൈഡ്രേറ്റ് അമിതമായി കഴിച്ചാല്‍ രക്തക്കുഴലുകള്‍ വികസിക്കുകയും രക്തസമ്മര്‍ദം താഴുകയും ചെയ്യും. അതോടൊപ്പംതന്നെ ശ്വാസോച്ഛ്വാസം കുറയുകയും ശരീരതാപനില താഴുകയും രോഗി ഗാഢനിദ്രയിലാണ്ടുപോവുകയും ചെയ്യും വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ 5-10 മണിക്കൂറിനുള്ളില്‍ മരണം സുനിശ്ചിതമാണ്. ലഹരിമരുന്നായതുകൊണ്ട് ഇതിന്റെ നിരന്തരമായ ഉപയോഗം രോഗിയെ ഇതിന്റെ അടിമയാക്കി മാറ്റുന്നു. തൊലിയിലും സ്ലേഷ്മകല (mucus membrane)യിലുണ്ടാകുന്ന ചൊറിച്ചില്‍, ഗ്യാസ്ട്രൈറ്റിസ് എന്ന ഉദരരോഗം തുടങ്ങിയവ ഇത് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അനുബന്ധഫലങ്ങളാണ്. ക്ലോറാല്‍ ഹൈഡ്രേറ്റ് കണ്ണിനും ഹാനികരമാണ്.

സുതാര്യമായ പരലുകളുടെ രൂപത്തിലിരിക്കുന്ന ഈ വസ്തു ചവര്‍പ്പുരുചിയും രൂക്ഷഗന്ധമുള്ളതും തുറന്നിരുന്നാല്‍ സാവധാനം ബാഷ്പീകരിക്കുന്നതുമാണ്. ജലം, ആല്‍ക്കഹോള്‍, ഈഥര്‍, ടര്‍പ്പന്റൈന്‍ തുടങ്ങിയ ലായകങ്ങളില്‍ ക്ലോറാല്‍ ഹൈഡ്രേറ്റ് ലയിക്കും. ഉരുകല്‍നില 57°C. തിളനില 97.5°C. ആപേക്ഷിക സാന്ദ്രത 1.901. ക്ലോറാല്‍ ഹൈഡ്രേറ്റില്‍ അടങ്ങിയിരിക്കുന്ന ജലതന്മാത്ര പരല്‍രൂപീകരണ ജലമല്ല; ഈ വസ്തുവിലുള്ള തന്മാത്രയുടെ ഒരു ഭാഗം തന്നെയാണ്. ഇതില്‍ ഒരേ കാര്‍ബണ്‍ അണുവില്‍ത്തന്നെ രണ്ടു ഹൈഡ്രോക്സില്‍ ഗ്രൂപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതു വളരെ സ്ഥിരതയുള്ളൊരു യൗഗികമാണ്. ഇതിലെ ക്ലോറിനാറ്റങ്ങളുടെ-1 ഇഫക്ടും തന്മാത്രകള്‍ക്കകത്തുള്ള ഹൈഡ്രജന്‍ ബന്ധനങ്ങളുമാണ് ഈ സ്ഥിരതയ്ക്കുകാരണം. ആല്‍ഡിഹൈഡ് ഗ്രൂപ്പിലെ കാര്‍ബണ്‍ അണുവിന്റെ ഇലക്ട്രോണുകളെ ക്ലോറിന്‍ അണുക്കള്‍ ആകര്‍ഷിക്കുന്നതുകാരണം ഹൈഡ്രോക്സില്‍ ഗ്രൂപ്പുകളും ആല്‍ഡിഹൈഡ് കാര്‍ബണ്‍ അണുവുമായുള്ള ബന്ധനം സുദൃഢമാകുന്നു.

ചിത്രം:Screen010.png

ക്ലോറാല്‍ ഹൈഡ്രേറ്റിനെ ഗാഢസള്‍ഫ്യൂരിക്കമ്ലം ചേര്‍ത്തു സ്വേദനം നടത്തുമ്പോള്‍ ജലം നഷ്ടപ്പെടുകയും ക്ലോറാല്‍ തിരിച്ചുകിട്ടുകയും ചെയ്യും. ഔഷധങ്ങള്‍, കുഴമ്പുകള്‍, കീടനാശിനികള്‍ എന്നിവ നിര്‍മിക്കാന്‍ ക്ലോറാല്‍ ഹൈഡ്രേറ്റ് ഉപയോഗിക്കുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍